തൂഫാൻ 2.0
ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2026 സെപ്റ്റംബർ 28 മുതൽ രണ്ടാംഘട്ടം (Operation Toofan 2.0) ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ പ്രവർത്തനം ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച് താഴെത്തട്ടിൽ ജനപങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലഹരി മാഫിയകള്‍ക്ക് നിയമത്തിന്റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
അന്തര്‍ സംസ്ഥാനലഹരി മാഫിയയെ തകര്‍ക്കുന്നതിനായി മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്‍വൈലന്‍സ് സംവിധാനം സജ്ജമാക്കും.
രഹസ്യ വിവരം നല്‍കുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.
പ്രധാന ലക്ഷ്യങ്ങൾ
ലഹരി വിതരണ ശൃംഖലകൾ കണ്ടെത്തുക
മയക്കുമരുന്ന് എവിടെനിന്നാണ് എത്തുന്നത്, ആരാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി ശൃംഖലകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി
ലഹരി വിൽപ്പനയും കടത്തും നടത്തുന്നവരെ കണ്ടെത്തി കേസെടുക്കുകയും നിയമനടപടി ശക്തമാക്കുകയും ചെയ്യുക.
വിദ്യാർത്ഥികളെയും യുവാക്കളെയും സംരക്ഷിക്കുക
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നു.
പരിശോധനയും നിരീക്ഷണവും ശക്തമാക്കുക
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുന്നു.
ജനപങ്കാളിത്തം ഉറപ്പാക്കുക
ലഹരി ഉപയോഗം, വിൽപ്പന, വിതരണം തുടങ്ങിയ വിവരങ്ങൾ പോലീസിനെ അറിയിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
പുനരധിവാസത്തിന് പിന്തുണ
ലഹരിക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്ന് മോചനം നേടാൻ ആവശ്യമായ സഹായവും സാമൂഹിക പിന്തുണയും നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.